ഒരു കോളേജ് അദ്ധ്യാപകനെ മാനേജ്‌മെന്റ് എന്തെങ്കിലും കാരണത്താല്‍ പുറത്താക്കുന്നത് സംസ്ഥാനം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടേണ്‍ട കാര്യമല്ല. എന്നാല്‍ തൊടുപുഴയിലെ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കാര്യമാകുമ്പോള്‍ പലവട്ടം ആലോചിച്ച് മാത്രമേ തീരുമാനത്തിലെത്താന്‍ കഴിയൂ. കാരണം, കേരളമാകെ വികാരഭരിതമായി ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണത്. അതിനാല്‍ തന്നെ, പ്രൊഫസര്‍ ടി.ജെ.ജോസഫിനെ അദ്ധ്യപനവൃത്തിയില്‍ നിന്നും പുറത്താക്കുവാനുള്ള തീരുമാനം രൂപതയും ബിഷപ് കൗണ്‍സിലും അറിയാതെ ആയിരുന്നുവെന്ന് ചിന്തിക്കുക തരമില്ല. പക്ഷെ, കേരളത്തില്‍ സഹാനുഭൂതിയോടെ ചിന്തിക്കുന്ന സാമാന്യ ജനങ്ങളുടെ മുമ്പില്‍ ഈ സംഭവത്തിലൂടെ കത്തോലിക്കാ സഭ ഒന്നുകൂടെ അപഹസിക്കപ്പെ ട്ടു.
തെറ്റുചെയ്തവര്‍ക്കെതിരെ ശിക്ഷണനടപടി എടുക്കുവാനുള്ള ആര്‍ജ്ജവം സഭയ്ക്കുണ്‍ടെങ്കില്‍ ആദ്യം വാളോങ്ങേണ്‍ടത് സഭയുടെ ഇമേജ് പൊതുജന മദ്ധ്യേ കളങ്കപ്പെടുത്തിയ അഭയകേസില്‍ പ്രതികളാക്കപ്പെട്ടവരും സഭ സംരക്ഷിക്കുന്നവരുമായ വ്യക്തികളെയാണ്. കോടതിയില്‍ നിന്നും കുറ്റവിമുക്തരാകുന്നത് വരെ അവരെ സഭയുടെ സകല ഔദ്യോഗിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിവാക്കണമായിരുന്നു. പക്ഷെ എന്തുവില കൊടുത്തും സഭ അവരെ സംരക്ഷിക്കുന്നതാണ് കേരളം എപ്പോഴും കാണുന്ന ത്.
എന്നാല്‍ പ്രൊഫസര്‍ ടി.ജെ.ജോസഫിന്റെ കാര്യത്തില്‍ മാത്രം സഭ വേറൊരു നിലപാട് സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം ഒരു ക്രിമിനല്‍ കേസിലും പ്രതിയല്ല. ചോദ്യക്കടലാസ് തയ്യാറാക്കുമ്പോള്‍ അദ്ദേഹം മനഃപ്പൂര്‍വ്വമല്ലാത്ത പിഴവ് വരുത്തിയിട്ടുണ്‍ടെങ്കില്‍ അതിലേറെ അനുഭവിച്ചുകഴിഞ്ഞു. എന്നാല്‍ ഈ സംഭവത്തില്‍ എല്ലാം ആറിത്തണുത്തുവരുമ്പോള്‍ സഭാനേതൃത്വം അധ്യാപകനേ പുറത്താക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ മറ്റെന്തൊക്കെയോ മണക്കുന്നുണ്‍ട്. കത്തോലിക്കാ സഭാനേതൃത്വത്തിന് പട്ടക്കാരെയും മെത്രാന്മാരെയും സഭാസമ്പത്തിനെയും സംരക്ഷിക്കാനുള്ള പ്രതിബദ്ധത മാത്രമേയുള്ളൂ എന്ന് ഒരിക്കല്‍ കൂടെ വ്യക്തമാകു ന്നു.
വെടിവച്ചിട്ടവനെ കുത്തിക്കൊല്ലാന്‍ കത്തോലിക്കാ സഭയ്ക്ക് മാത്രമേ കഴിയൂ. സഭാനേതൃത്വത്തിന് മനഃസാക്ഷിയില്ലെന്ന് സമൂഹമദ്ധ്യേ ഇതോടെ തെളിഞ്ഞിരിക്കുന്നു. ഇതിന് പറയുന്ന ന്യായമെന്തായാലും നീതിബോധമുള്ളവരുടെ മുമ്പില്‍ വിലപ്പോ വില്ല.
ക്രിസ്തുവിന്റെ സന്ദേശം സമൂഹത്തിന് നല്‍കുക എന്ന ദൗത്യം എന്നേ വിസ്മരിച്ച സമൂഹമാണ് കത്തോലിക്ക മതം. ബിഷപ്പുമാര്‍ക്ക് രാഷ്ട്രീയത്തിലാണ് കമ്പം. വിമോചന സമരം മുതല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു കൈ പയറ്റി തങ്ങളുടെ അവകാശങ്ങളും അധികാരങ്ങളും നിലനിര്‍ത്താന്‍ അവര്‍ സജീവമായി ഇടപെടുന്നു. കൂടാതെ വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനമായി മാറിക്കഴിഞ്ഞതിനാല്‍ വ്യവസായ താത്പര്യങ്ങളും സംരക്ഷിക്കേണ്‍ടിയിരിക്കുന്നു. പ്രൊഫസര്‍ ജോസഫിനെ ഒറ്റുകൊടുത്തത് സഭയുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് വ്യക്തം. മേശമേല്‍ ശുശ്രൂഷിക്കുന്ന കാര്യം പോലും ഒഴിവാക്കി വചനധ്യാനത്തിലും പ്രാര്‍ത്ഥനയിലും ഉറ്റിരിക്കുമെന്ന് പറഞ്ഞ പത്രോസ് അപ്പോസ്തലന്റെ പാരമ്പര്യമാണ് തങ്ങള്‍ പേറുന്നത് എന്ന് പറയാന്‍ മെത്രാന്മാര്‍ക്ക് യാതൊരു മടിയു മില്ല.
അദ്ധ്യാപകനെ പുറത്താക്കിയ നടപടി ഏവരുടെയും അപ്രീതി സമ്പാദിച്ചു. പ്രശസ്ത മാദ്ധ്യമ നിരൂപകനായ അഡ്വ. ജയശങ്കറിന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. വേദനാജനകമായ കഷ്ടാനുഭവങ്ങളിലൂടെ പോകുന്ന പ്രൊഫസറെ പുറത്താക്കാന്‍ സഭാനേതൃത്വം വ്യഗ്രത കാണിച്ചെങ്കില്‍ നാളെ ക്രിസ്തുവിനെയും പുറത്താക്കിയേക്കും. അധികാരത്തിനും പണത്തിനും വേണ്‍ടി നാലാം നൂറ്റാണ്‍ടില്‍ തന്നെ കത്തോലിക്കാ സഭ കര്‍ത്താവിനെ പുറത്താക്കിയത് അഡ്വ.ജയശങ്കര്‍ അറിഞ്ഞിട്ടില്ല.
ശരീരത്തിലും ഹൃദയത്തിലും മുറിവേറ്റ ഒരു വ്യക്തിയോട് ഇത്രയധികം വേണ്‍ടായിരുന്നു.