Home | Contact us | Send News | Advertise | Download Font | Members Login | Register Now | Add To Favourite | News Archives
Home >> National >> News Details
യോഹന്നാന്‍ -ഒരു അനുഭവ സാക്ഷ്യം
സോളമന്‍ ഇടിക്കുള

ഏതാനും വാചകങ്ങളില്‍ എന്റെ അനുഭവ സാക്ഷ്യം ഇവിടെ സംക്ഷിപ്തമായി വിവരിച്ചിട്ടു വിഷയത്തിലേക്ക് കടക്കാമെന്നു കര്‍ത്താവില്‍ പ്രത്യാശിക്കുന്നു. എന്റെ സ്വദേശം ഗലീല. സെബെദി-ശലോമി ദമ്പതിമാരുടെ ദ്വിതീയ പുത്രനായി ജനിച്ചു. എന്റെ മൂത്ത സഹോദരന്‍ യാക്കോബും ഞാനും പൊതുവെ അറിയപ്പെടുന്നത് സെബദി മക്കളെന്നോ, ഇടിമക്കളെന്നോ ആണ്. ഞങ്ങളുടെ അമ്മയും നമ്മുടെ കര്‍ത്താവിന്റെ അമ്മ മറിയയും സഹോദരിമാരാണ്. ആ നിലയില്‍ യേശുവും ഞാനും കസിന്‍സ് ആണ്. ഒന്നുകൂടെ തെളിച്ചു പറഞ്ഞാല്‍ കുടുംബ ബന്ധത്തേക്കാള്‍ ആത്മീക ബന്ധത്തിനായിരുന്നു ഞങ്ങള്‍ പ്രാധാന്യം കൊടുത്തത്. ഞങ്ങള്‍ മക്കള്‍ രണ്‍ടുപേരും ആത്മീകമായി ഉന്നത നിലവാരത്തില്‍ എത്തിച്ചേരണമെന്നു ഞങ്ങളുടെ പിതാവിനെക്കാള്‍ മാതാവിനു പ്രത്യേക താത്പര്യം ഉണ്‍ടായിരുന്നു. ഭൂമിയില്‍ യേശുവിനോടൊത്തുള്ള ജീവിതകാലത്ത് അവിടുത്തെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം ഞാന്‍ സാക്ഷിയായിരിക്കണം എന്നവെണ്ണം യേശു എന്നെ പലപ്പോഴും കൂടെ കൊണ്‍ടുപോകുമായിരുന്നു. യേശു സ്‌നേഹിച്ച ശിഷ്യന്‍ എന്ന പേരിന് അര്‍ഹനായിരുന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലും കര്‍ത്താവിനോടുകൂടെ ഒന്നിച്ചായിരിക്കാന്‍ ഇടയായതു എന്റെ ജീവിതത്തിലെ മഹത് ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ കരുതുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ക്ക് വലയും, പടകും, കൂലിക്കാരുമൊക്കെ ഉണ്‍ടായിരുന്നു. ഇവയൊക്കെ ഉണ്‍ടായിരുന്നിട്ടും കര്‍ത്താവിന്റെ ഒരു എളിയ ദാസനായിട്ടോ, യേശു സ്‌നേഹിച്ച ഒരു ശിഷ്യനായിട്ടോ മാത്രം അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിച്ചത്.

സുവിശേഷം നിമിത്തമായി എ.ഡി. 95-ല്‍ ഡൊമീഷ്യന്‍ ചക്രവര്‍ത്തിയാല്‍ ഞാന്‍ പത്മോസ് എന്ന ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. പാറക്കെട്ടുകളും അസ്ഥികൂടങ്ങളും നിറഞ്ഞു മനുഷ്യവാസം വളരെ കുറവായിരുന്ന ഒരു സ്ഥലമായിരുന്നു അത്. പാര്‍ക്കാന്‍ ഭവനം ഇല്ലാത്തവനായി, ആരും തന്നെ കൂട്ടായ്മയ്ക്ക് ഇല്ലാത്തവനായി, ആഹാരത്തിന് വക കാണാത്തവനായി കഴിയുന്ന സമയം! പക്ഷേ സ്വര്‍ഗ്ഗാരോഹണം ചെയ്ത യേശുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്‍ടിരുന്നതിനാല്‍ ഏകാന്തതയിലും തളരാതെ നില്‍ക്കാന്‍ എനിക്ക് ഇടയായി.

പത്മോസ് ദ്വീപില്‍ വച്ചു അധികനാള്‍ കഴിയുന്നതിനു മുമ്പ് തന്നെ സ്വര്‍ഗ്ഗം തുറന്നു ദിവ്യ ദര്‍ശനങ്ങളെ കാണുവാനുള്ള ഭാഗ്യം എനിക്കു ഉണ്‍ടായി. ദൈവം തന്റെ ദൂതനെ അയച്ചു വേഗത്തില്‍ സംഭവിക്കാനുള്ള കാര്യങ്ങളെ ഒരു വീഡിയോ ചിത്രത്തില്‍ എന്നതുപോലെ എനിക്കു കാണിച്ചു തന്നു. അവിടെ വച്ചു പുതിയ യെരുശലേമിനേക്കുറിച്ച് ഞാന്‍ കണ്‍ടതും കേട്ടതുമായ കാര്യങ്ങള്‍ ഇനിയും വിവരിക്കുമെന്നു കരുതുന്നു. “കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!”.

ഞാന്‍ കണ്‍ട പുതു യെരൂശലേം.
ദൂതന്‍ എനിക്കു കാണിച്ച തന്ന പുതുയെരുശലേം എന്ന പട്ടണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നു ഭൂമിയില്‍ കാണുന്നതും, മനുഷ്യ ദൃഷ്ടിയില്‍ പുരോഗതിയുടെ ഉന്നത നിലവാരത്തില്‍ എത്തിയെന്നു അവകാശപ്പെടുന്നതുമായ ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലണ്‍ടന്‍, ടോക്കിയോ മുതലായ പട്ടണങ്ങളെ നിസ്സാരമായിട്ടേ എനിക്കു കാണാന്‍ കഴിയുന്നുള്ളൂ. അത്രമാത്രം അതു ശോഭയേറിയതും കണ്ണഞ്ചിപ്പിക്കുന്നതും അതിമനോഹരവും വലിപ്പമേറിയതും മനുഷ്യബുദ്ധിയില്‍ ചിന്തിക്കാന്‍ കഴിയുന്നതിലും വാക്കുകളാല്‍ വര്‍ണ്ണിക്കാന്‍ പറ്റുന്നതിലും ഉന്നതമായിരുന്നു സ്വര്‍ഗീയ യെരുശലേം.

കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാമെന്നു ദൂതന്‍ എന്നോടു പറഞ്ഞപ്പോള്‍ വളരെ ആകാംക്ഷയോടെ മണവാട്ടിയെ കാണാനായി ഞാന്‍ പെട്ടെന്നു ഒന്നു തിരിഞ്ഞു നോക്കി. പക്ഷെ യെരുശലേം എന്ന വിശുദ്ധ നഗരം ഭര്‍ത്താവിനുവേണ്‍ടി അലങ്കരിക്കപ്പെട്ട മണവാട്ടിയെപ്പോലെ സ്വര്‍ഗ്ഗത്തില്‍ നിന്നും പുതിയ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന അത്ഭുതവും അതിശയകരവുമായ കാഴ്ചയാണ് ഞാന്‍ കണ്‍ടത്. സഹസ്രാബ്ദകാലത്ത് പുതിയ യെരുശലേം ഭൂമിക്കു മീതെ ഒരു ഉപഗ്രഹം എന്നപോലെ നിന്നിരുന്നു.

സൂപ്പര്‍ സ്പീഡ് ഉള്ള ഒരു ലിഫ്റ്റ് ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴത്തെ നിലയിലേക്ക് ഇറങ്ങി വരുന്നതുപോലെ നൊടിനേരത്തില്‍ പുതുയെരുശലേം എന്ന ഒരു വലിയ പട്ടണം ഇറങ്ങി വരുന്ന കാഴ്ചയാണ് ഞാന്‍ കണ്‍ടത്. കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതപ്പെട്ടവര്‍ അല്ലാതെ അശുദ്ധമായതു യാതൊന്നും, മ്ലേച്ഛതയും, ഭോഷ്‌കും പ്രവര്‍ത്തിക്കുന്നവര്‍ ആരെയും അവിടെ കണ്‍ടില്ല. ഭൂമിയില്‍ ഉണ്‍ടായിരുന്ന മരണം, വേദന, കണ്ണീര്‍, ദുഃഖം, വെള്ളപ്പൊക്കം, സുനാമി, കൊടുങ്കാറ്റ്, ഭൂമികുലുക്കം മുതലായവയും അവിടെ ഇല്ല. ശരീരത്തെ അശുദ്ധമാക്കുന്ന സിഗരറ്റോ, മദ്യമോ, മയക്കുമരുന്നോ അവയുടെ പേരുപോലുമോ അവിടെ കാണുവാനോ കേള്‍ക്കുവാനോ ഇല്ല. രോഗി, ഡോക്ടര്‍, കള്ളന്‍, പോലീസ്, പട്ടാളം, വക്കീല്‍ എന്നിവരെയും അവിടെ കണ്‍ടില്ല.

ദൂതന്‍ എന്നെ കാണിച്ച പട്ടണത്തിന്റെ നീളം, വീതി, ഉയരം എന്നിവ 1200 നാഴിക, അഥവാ 1500 മൈല്‍ (2400 കി. മീ) ആണ്. ഇതിന്റെ നീളം, വീതി, ഉയരം, സമം. ലോകത്തില്‍ ഒരിടത്തും ഇത്രയും വലിപ്പമുള്ള ഒരു നഗരം ആരും ഇതുവരെ പണിതിട്ടില്ല. ഞാന്‍ വേറൊരിടത്തും കണ്‍ടിട്ടുമില്ല. ഇരുപത്തി ഒന്നാം നൂറ്റാണ്‍ടില്‍ അമേരിക്കയില്‍ ഉണ്‍ടായിരുന്ന പല സ്റ്റേറ്റുകളുടെ വലിപ്പം ഈ പട്ടണത്തിനു ഉണ്‍ട്. ഈ പട്ടണം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കം കൊണ്‍ടു പണിതിരിക്കുന്നു. ഞാന്‍ കണ്‍ടതുപോലെ അതിന്റെ ഭംഗിയെ ഇവിടെ വിവരിക്കാനോ, വര്‍ണ്ണിക്കാനോ എനിക്കു വാക്കുകളില്ല.

പിതാവായ ദൈവത്തിന്റെ ഭവനമായ സ്വര്‍ഗ്ഗത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്‍ടായിരുന്നിട്ടും തന്റെ മണവാട്ടിക്കായി പ്രത്യേക സ്ഥലം കര്‍ത്താവ് ഒരുക്കുന്നു. യെരുശലേമിന്റെ തെരുവിലൂടെ ക്രൂശുവഹിച്ചും ഗോല്‍ഗോഥായില്‍ ക്രൂശില്‍ കിടന്നു സ്വന്ത തോളില്‍ തല ചായിച്ചു മരണമടഞ്ഞ് മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗോന്നതങ്ങളില്‍ കരേറിപ്പോയ സുവിശേഷങ്ങളില്‍ കാണുന്ന യേശുക്രിസ്തു ഈ പട്ടണത്തില്‍ ഓരോ വിശുദ്ധര്‍ക്കും അവരവരുടെ പ്രവര്‍ത്തിക്കൊത്ത പ്രതിഫലമായി നല്‍കാന്‍ വീടുകള്‍ അണിയിച്ചു ഒരുക്കുന്നതില്‍ വ്യാപൃതനായിരിക്കുന്നു.

പട്ടണത്തിന്റെ ചുറ്റുമുള്ള മതിലിന്റെ ഉയരം 144 മുഴം അഥവാ 216 അടിയും, അതിനൊത്ത കനവും അതിനുണ്‍ട്. ഏകദേശം 20-25 നിലകളുള്ള ഒരു കെട്ടിടത്തിന്റെ വലിപ്പം. ഈ വന്മതിലില്‍ 12 ഗോപുരങ്ങളും, ഗോപുരങ്ങളില്‍ 12 ദൂതന്‍മാരും ഉണ്‍ട്. മതിലിന്റെ പണി സൂര്യകാന്തത്താല്‍ ആണ്. നഗരമതിലിന്റെ 12 അടിസ്ഥാനങ്ങള്‍ 12 രത്‌നങ്ങള്‍ കൊണ്‍ടു അലങ്കരിച്ചിട്ടുണ്‍ട്. മതിലിനു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന 12 ഗോപുരങ്ങള്‍ വളരെ വലിപ്പമുള്ള 12 മുത്തുകളാല്‍ നിര്‍മ്മിതമാണ്. മുത്തായ മണവാട്ടിയെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തു മുത്തുകൊണ്‍ടുള്ള ഗോപുരം! അതു എത്രയോ ആഗ്രഹിക്കതക്കതും മനോഹരവുമായിരിക്കുന്നു.

പട്ടണത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിനൊത്ത തങ്കം കൊണ്‍ടു ഉണ്‍ടാക്കിയിട്ടുള്ളതാണ്. വീഥിയുടെ നടുവില്‍ ജീവജലനദിയും, നദിക്കു ഇക്കരെയും, അക്കരെയും ഓരോ മാസത്തിലും വിവിധ തരത്തിലുള്ള ഫലം കായിക്കുന്ന ജീവവൃക്ഷവും ഉണ്‍ട്. ഈ ജീവ വൃക്ഷത്തിന്റെ മുമ്പില്‍ ഭൂമിയില്‍ നിന്നുമുള്ള വിശുദ്ധന്‍മാരുടെ ഒരു നീണ്‍ട നിരയെ ആദ്യ നാളുകളില്‍ കണ്‍ടു. എന്നെ കാണിച്ചു തന്ന ദൂതനോട് കാര്യം തിരക്കിയപ്പോള്‍ ഈ ജീവവൃക്ഷത്തിന്റെ ഫലമാണ് ആദാമിനും, ഹവ്വാക്കും തിന്നാന്‍ സാധിക്കാതെ പോയതെന്നും, ഈ ഫലം തിന്നാല്‍ എന്നേക്കും ജീവിച്ചിരിക്കാമെന്നും ഇതിന്റെ ഇല രോഗം വരാതിരിക്കുന്നതിനു ഉതകുന്നതാണെന്നും എന്നോടു പറഞ്ഞു.

യെരുശലേമിലും, സഹസ്രാബ്ദ ഭൂമിയിലും ദൈവാലയം ഉണ്‍ടായിരുന്നു. എന്നാല്‍ പുതിയ യെരുശലേമില്‍ ദൈവാലയം കണ്‍ടില്ല. കുഞ്ഞാടിന്റെ രക്തത്താല്‍ കഴുകപ്പെട്ട വിശുദ്ധന്മാരായി തീര്‍ന്ന സഭയുടെ മദ്ധ്യേ ദൈവം വസിക്കുന്നതിനാല്‍ വേറെ മന്ദിരത്തിന്റെയോ, ആലയത്തിന്റെയോ ആവശ്യമില്ലെന്നും എനിക്കു മനസ്സിലായി.

പുതിയ യെരുശലേമില്‍ ദൈവീക തേജസ്സുള്ളതിനാല്‍ യാതൊരുവിധ വിളക്കിന്റെയോ, സൂര്യന്റെയോ ചന്ദ്രന്റെയോപോലും ആവശ്യവുമില്ല. എപ്പോഴും ദൈവീക തേജസ്സുള്ളതിനാല്‍ രാത്രി അവിടെ കണ്‍ടില്ല. പുതിയ യെരുശലേമിലുള്ള എല്ലാവര്‍ക്കും ദൈവമുഖം നേരിട്ടു ദര്‍ശിക്കുവാനുള്ള അവസരം ഉണ്‍ട്. ഭൂമിയില്‍ വച്ച് മോശെ ദൈവമുഖ ദര്‍ശനം ആഗ്രഹിച്ചിട്ടും സാധിക്കാതെ ഇരുന്നപ്പോള്‍ ആ മഹല്‍ ഭാഗ്യം കുഞ്ഞാടിന്റെ രക്തത്താല്‍ വീണ്‍ടെടുക്കപ്പെട്ട ദൈവമക്കള്‍ക്കാണല്ലോ ലഭിച്ചത് എന്നു ഞാന്‍ ഓര്‍ത്തുപോയി. ദൈവമക്കള്‍ ഭൂമിയില്‍ വെച്ചു ആരാധിച്ചു തുടങ്ങിയത് നിത്യതയിലും തുടരുന്നു. അവര്‍ അവന്റെ മുഖം. കണ്‍ടുകൊണ്‍ടു ആരാധിക്കുന്നു.

അവിടെ സന്തോഷ പരിപൂര്‍ണ്ണതയും, എന്നും പ്രമോദങ്ങളും ഉണ്‍ട്. ഭൂമിയില്‍ വെച്ചു രക്ഷിക്കപ്പെട്ടു അവിടെ എത്തിച്ചേര്‍ന്ന ചെകിടന്‍മാര്‍ക്കു കേള്‍വിയും, അന്ധന്‍മാര്‍ക്ക് കാഴ്ചയും, മുടന്തന്‍മാര്‍ക്ക് മാനുകളെപ്പോലെ തുള്ളിച്ചാടുവാന്‍ കാലുകള്‍ക്ക് ബലവും ഉണ്‍ട്. ഭൂമിയില്‍ ഊമരായി കാലം കഴിച്ചവരില്‍ പലരും അവിടെ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചു കര്‍ണാനന്ദകരമായ സംഗീതവും നിരന്തരം മുഴക്കുന്നു.

അവിടെ കണ്‍ട മനുഷ്യര്‍ക്ക് അസ്ഥിയും മാംസവും ഉണ്‍ട്. മനുഷ്യന്റെ ശരീരത്തെ നിലനിര്‍ത്തുന്ന രക്തത്തിന്റെ ആവശ്യം പുനഃരുത്ഥാന ശരീരത്തിനില്ല. കണ്ണൂകള്‍ ഉണ്‍ട്. എന്നാല്‍ കണ്ണീര്‍ ഇല്ല. അതുപോലെ പുനരുത്ഥാന ശരീരത്തിനു ഭക്ഷണത്തിന്റെ ആവശ്യം ഇല്ല. എന്നാല്‍ ഭക്ഷണം വേണമെങ്കില്‍ കഴിക്കുവാന്‍ സാധിക്കും. പുനഃരുത്ഥാന ശരീരം കാണാവുന്നതും, സ്പര്‍ശിക്കാന്‍ കഴിയുന്നതുമാണ്.

ക്രിസ്തുവിനോടുകൂടെ പുതിയ യെരുശലേമില്‍ സ്വര്‍ഗ്ഗത്തിലെ ദൂതന്‍മാരും, സഭായുഗത്തിലെ വിശുദ്ധന്‍മാരും, പുനരുത്ഥാനം പ്രാപിച്ചു പഴയനിയമ വിശുദ്ധന്‍മാരും, മഹാപീഡനകാല വിശുദ്ധന്‍മാരെയും കണ്‍ടു. നേരത്തെ ഭൂമിയില്‍ ജീവിച്ചു മണ്മറുഞ്ഞു നിത്യതയില്‍ പുതിയ യെരുശലേമില്‍ എത്തിയ ആയിരമായിരം വിശുദ്ധന്മാരുടെ കൂട്ടത്തില്‍ ദൈവത്തോടു കൂടെ നടക്കുകയും, മരണം കൂടാതെ എടുക്കുപ്പെടുകയും ചെയ്ത ഹാനോക്ക്, നീതിപ്രസംഗിയായി ദൈവത്തോടു കൂടെ നടന്ന നോഹ, ദൈവത്തിന്റെ സ്‌നേഹിതനായിരുന്ന അബ്രഹാം, സൗമ്യനായിരുന്ന മോശെ, ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവനായിരുന്ന ദാവീദ്, നമ്മുടെ സമസ്വഭാവക്കാരനായിരുന്ന ഏലിയാവ്, കഷ്ടതകളുടെ പാനപാത്രം വളരെയധികം രുചിച്ചറിഞ്ഞ ഈയോബ്, പ്രിയ പുരുഷനായ ദാനിയേല്‍, കരയുന്ന പ്രവാചകന്‍ എന്നു പേരുകേട്ട യിരമിയാവ്, സമ്പന്നന്മാരുടെ പ്രവാചകനായി അറിയപ്പെട്ടിരുന്ന യെശയ്യാവ്, സഭാചരിത്രത്തിലെ ഒന്നാമത്തെ രക്തസാക്ഷിയായ സ്‌തെഫാനോസ്, ജീവിച്ചിരിക്കുമ്പോള്‍ തന്നെ മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ട പൗലോസ്, പുറജാതിക്കാരനായിരുന്ന കൊര്‍ന്നല്യൊസ്, ഭാരതത്തില്‍ സുവിശേഷവുമായി കടന്നുപോയ തോമസ് അപ്പൊസ്തലന്‍ എന്നിവരെയും കണ്‍ടു. ഓരോരുത്തരുടെയും പ്രവൃത്തി അവരെ പിന്തുടര്‍ന്നതു കാരണം വളരെ പെട്ടെന്നു അവരെയെല്ലാം തിരിച്ചറിയാന്‍ എനിക്കു സാധിച്ചു.

നിത്യതയില്‍ എല്ലാവരും ഒരു പുതുഭാഷ സംസാരിക്കുന്നതായി കേട്ടു. “ഹലേലൂയ്യാ” എന്നുള്ള ശബ്ദം അവിട മുഴങ്ങി കേള്‍ക്കുന്നു. ഭൂമിയില്‍ വച്ചു “ഹലേലൂയ്യാ” ശബ്ദം കേള്‍ക്കുമ്പോഴേക്കു അലര്‍ജി ഉണ്‍ടായിക്കൊണ്‍ടിരുന്ന പലരെയും നിത്യതയില്‍ ഞാന്‍ തിരഞ്ഞു നോക്കിയെങ്കിലും അങ്ങനെയുള്ള ആരെയും അവിടെ കണ്‍ടെത്താന്‍ സാധിച്ചില്ല. പുതിയ യെരുശലേമിനെ ദൈവത്തിന്റെ കൂടാരമെന്നു പറയുന്നതായി കേട്ടു. ഓരോരുത്തരും തങ്ങള്‍ക്ക് അവകാശമായി ലഭിച്ചിരിക്കുന്ന കൂടാരത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുകയും സന്തോഷിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ഒരു ഭാഗത്തു ജീവിതത്തില്‍ കറ പറ്റാതെ ജീവിച്ചര്‍ക്കെല്ലാം വെള്ളയുടുപ്പ് വിതരണം ചെയ്യുന്നു. അതും ധരിച്ചുംകൊണ്‍ടു അനേകര്‍ കര്‍ത്താവിനോടുകൂടെ നടക്കുന്നത് കണ്‍ടപ്പോള്‍ മനസ്സിലായി അവര്‍ ഭൂമിയില്‍വച്ചു എത്രമാത്രം വിശുദ്ധ ജീവിതം നയിച്ചു എന്നുള്ളത്. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത യോഹന്നാന്‍ എന്ന ഞാന്‍ പലപ്പോഴും ഒരു സ്വപ്ന ലോകത്താണോ എന്നുപോലും ചിന്തിച്ചുപോയി!

സമയം അടുത്തിരിക്കയാല്‍, കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യം ഉള്ളവര്‍ ദൈവത്തിന്റെ ദൂതന്‍ മുഖാന്തിരം എനിക്കു പ്രദര്‍ശിപ്പിച്ചു തന്നതും, “നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതുക” എന്നുള്ള ദൈവനിയോഗത്താല്‍ എഴുതപ്പെട്ടതുമായ വെളിപ്പാടു പുസ്തകം വായിക്കുക. ദൈവം ഈ പുസ്തകത്തിലെ കാര്യങ്ങളെ മറനീക്കി നിങ്ങള്‍ക്കും വെളിപ്പെടുത്തിത്തരും. ഭൂമിയിലെ അല്പകാല ജീവിതത്തിനുശേഷം പ്രതിഫലം വിഭാഗിക്കുന്ന 7 വര്‍ഷക്കാലം സ്വര്‍ഗ്ഗത്തിലും, സഹസ്രാബ്ദത്തില്‍ 1000 വര്‍ഷം നമ്മുടെ പ്രത്യാശ പുരുഷനായ കര്‍ത്താവിനോടുകൂടെ ഈ ഭൂമിയില്‍ വാഴുകയും, പിന്നെ പുതിയ യെരുശലേമില്‍ നിത്യത മുഴുവന്‍ പാര്‍ക്കുകയും ചെയ്യാം. അതായിരിക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ഈ ഭൂമിയിലെ അല്പകാല ജീവിതലക്ഷ്യം.

Name :
Phone :
Email :
Comments:
Bookmark and Share   Monday, July 12, 2010
OTHER LINKS
Chairman: Raju Ponnolil (Florida, USA). Managing Director: Pr. B. Monachan(Kayamkulam, INDIA). Managing Editor: Mathew Chempumkandathil (England)
All communication <thegmnews@yahoo.com> Copyright @ thegmnews.com 2009. Know our TEAM
Site Developed and Maintained By Norfolkllc.com