
ന്യൂയോര്‍ക്ക്: വീഡിയോഗെയിമുകളും രണ്ടു മണിക്കൂറിലധികം ടെലിവിഷനും കാണുന്ന കുട്ടികള്‍ക്ക് എ.ഡി.എച്ച്.ഡി (Attention-Deficit Hyperactivity Disorder) രോഗം ഉണ്ടാകുമെന്ന ശാസ്ത്രീയ വിലയിരുത്തല്‍. വീഡിയോ ഗെയിമുകള്‍ക്കു മുന്നിലും ടെലിവിഷനു മുന്നിലും സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ഈ രോഗം ബാധിച്ചതിന്റെ തെളിവായി പഠനകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നതാണ് പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ഈ രോഗം ബാധിച്ച കുട്ടികള്‍ ഇപ്പോള്‍ മൂന്നാംലോക രാജ്യങ്ങളില്‍പോലും കാണപ്പെടുന്നു.
വീഡിയോ ഗെയിമുകളും ടെലിവിഷന്‍ പ്രോഗ്രാമുകളും അതിവേഗത്തില്‍ നിങ്ങുന്ന ചിത്രങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ഇത് കണ്ട് ശീലിക്കുന്ന കുട്ടികള്‍ക്ക് നിശ്ചല വസ്തുക്കളില്‍ അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നു. ക്ലാസ് മുറികളില്‍ അധ്യാപകര്‍ നിന്ന് പഠിപ്പിക്കുമ്പോള്‍ അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ കുട്ടികള്‍ മറ്റു കുട്ടികള്‍ക്കു മുന്നില്‍ പിന്തള്ളപ്പെടുന്നു എന്നതാണ് ഇതിന്റെ ഭയനാകമായ ഫലം. നിരാശയും വിദ്വേഷവും ഇത്തരം കുട്ടികളില്‍ വര്‍ദ്ധിക്കുന്നതിനാല്‍ മദ്യം മയക്കുമരുന്ന് ഉപയോഗവും ഇവരില്‍ കാണപ്പെടുന്നു.
പ്രഫസര്‍ ഡഗ്രസ് ജന്റില്‍ എന്ന ഗവേഷകന്, ദിവസേന രണ്ടു മണിക്കൂര്‍ കംപ്യൂട്ടര്‍ ഗെയിമിനും ടെലിവിഷനും മുന്നില്‍ സമയം ചെലവഴിക്കുന്ന അമേരിക്കയിലെ 1500 കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്.
വിദേശത്തുള്ള പല മാതാപിതാക്കളും മക്കളെ സ്നേഹിക്കുന്നതിന്റെ പ്രതീകമായും മക്കള്‍ പുറകെനടന്ന് ബുദ്ധിമുട്ടിക്കുന്നതിന് പരിഹാരമായുമാണ് കംപ്യൂട്ടര്‍/വീഡിയോ ഗെയിമുകളും ടെലിവിഷനുകളും അവര്‍ക്ക് നല്‍കുന്നത്. ഇതിന്റെ ഫലം വിലയിരുത്തിയാല്‍ ഇതിലൂടെ കുട്ടികളെ നശിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത് -റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
സ്വീകരണമുറിയില്‍ ടെലിവിഷന്‍ ഉള്ളതുതന്നെ അപകടമാണെന്നിരിക്കെ കുട്ടികളുടെ കിടപ്പുമുറികളില്‍ ടെലിവിഷനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നല്കുന്ന കംപ്യൂട്ടറും ഗെയിമുകളും അവരെ ഏറെ അപായപ്പെടുത്താന്‍ മതിയായവയാണ്. ഉത്തരവാദിത്വബോധമില്ലാത്ത മാതാപിതാക്കള്‍ മക്കള്‍ക്ക് സിഗരറ്റും മദ്യവും നല്കുന്നതുപോലെയാണ് ഇതും -ഒരു ടീനേജ് മനോരോഗ വിദഗ്ധന്‍ ഈ വാര്‍ത്തയോടു പ്രതികരിച്ചു.