കോട്ടയത്ത് ചന്തക്കടവു ഭാഗത്തു താമസിക്കുന്ന ഒരു ദലിത് കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്-1978ല്‍. ഞങ്ങളുടെ പൂര്‍വ്വികര്‍ തലമുറകളായി കോട്ടയം പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമായി താമസിച്ചിരുന്നു. മാതാപിതാക്കളായ കൃഷ്ണനും ശാന്തയും സാമ്പത്തികമായി ഞെരുക്കത്തിലായിരുന്നെങ്കിലും അവര്‍ എന്റെ വിദ്യാഭ്യാസകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു.
പത്താം ക്ലാസ് പാസായശേഷം ബസേലിയോസ് കോളജില്‍ ചേര്‍ന്നു. അക്കാലത്ത് എന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. സ്കൂളില്‍ നിന്നും കോളജിലേക്കുള്ള മാറ്റം കൂടുതല്‍ സ്വാതന്ത്ര്യം പ്രദാനം ചെയ്തതാണു കാരണം. എന്റെ അച്ഛന് കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കുന്ന പണത്തിന്റെ നല്ലൊരംശം പഠനാവശ്യങ്ങള്ക്കാണെന്നു പറഞ്ഞു വാങ്ങി ഞാന്‍ ദുര്‍വ്യയം ചെയ്യാന്‍ ആരംഭിച്ചു. മദ്യപാനം തുടങ്ങി; പുകവലിയും. അങ്ങനെ ജീവിതമാകുന്ന നീര്‍ക്കയത്തിലേക്ക് ഞാന്‍ എടുത്തു ചാടി. ലൗകികസുഖാസ്വാദനത്തിന് ഉതകുന്നതെല്ലാം പ്രവര്‍ത്തിച്ചുതുടങ്ങി. എങ്കില്‍ തന്നെ, ഇടയ്ക്കിടെ തിരുനക്കരക്ഷേത്രത്തില്‍ പോയി ഈശ്വരാരാധന നടത്തുകയും ചെയ്തിരുന്നു.
അങ്ങനെയിരിക്കെ എന്റെ അച്ഛന് പെട്ടെന്ന് തളര്‍വാതം പിടിച്ച് കിടപ്പിലായി-1993ല്‍. ഞങ്ങളുടെ വീടിന്റെ മുറിയിലെ ഭിത്തികളില്‍ ഞങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ മനോഹരമായ ചിത്രങ്ങള്‍ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ചിത്രങ്ങളുടെ മുമ്പില്‍ തിരികൊളുത്തിയ ഒരു വിളക്കും. പിതാവിന്റെ സൗഖ്യത്തിനു വേണ്ടി ഈ ദൈവങ്ങളോടെല്ലാം പ്രാര്‍ത്ഥിച്ചു. മരുന്നും മന്ത്രവുമെല്ലാം മാറി മാറി പ്രയോഗിച്ചു. പ്രയോജനമുണ്ടായില്ല. ഞങ്ങളുടെ ആശ നിശ്ശേഷം നശിച്ചു. പരസഹായം കൂടാതെ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയില്‍ എന്റെ പിതാവെത്തി. അതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു.
അച്ഛന് കട്ടിലില്‍ മാത്രം കഴിച്ചുകൂട്ടാന്‍ തുടങ്ങിയിട്ട് എട്ടുമാസമാകുന്നു. അന്നൊരിക്കല്‍ രണ്ടു സുവിശേഷപ്രവര്‍ത്തകര്‍ ഭവനത്തില്‍ വന്ന് സുവിശേഷത്തിന്റെ കേന്ദ്രവിഷയമായ ക്രിസ്തുവിനെപ്പറ്റി പറഞ്ഞു. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ അച്ഛന്റെ രോഗം ഭേദമാകുമെന്നും അവര്‍ അറിയിച്ചു. ജീസസ് ഫോര്‍ ഇന്‍ഡ്യ എന്ന കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ആയിരുന്നു അവര്‍.
ഞങ്ങളുടെ സമ്മതത്തോടുകൂടി അവര്‍ മൂന്നുദിവസത്തെ ഉപവാസപ്രാര്‍ത്ഥന വീട്ടില്‍ ക്രമീകരിച്ചു. അവസാനദിവസം പിതാവിനെ പൂര്‍ണമായി ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു. മൂന്നാം ദിവസത്തെ പ്രാര്‍ത്ഥന ഉപസംഹരിക്കുന്നതിനുമുമ്പേ എട്ടുമാസം കിടക്കയിലായിരുന്ന പിതാവ് എഴുന്നേറ്റു നടക്കാന്‍ തുടങ്ങി. ആഴ്ചകള്‍ക്കുള്ളില്‍ പിതാവിന് പൂര്‍ണസൗഖ്യം ലഭിച്ചു. താമസിയാതെ പിതാവും മാതാവും യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ചു. വിശ്വാസസ്നാനവും സ്വീകരിച്ചു.
എന്നാല്‍ ഞാനാകട്ടെ, ജീവിതത്തിന്റെ മുന്തിരിച്ചാറ് മട്ടോളം ഊറ്റിക്കുടിക്കുവാന്‍ നിശ്ചയിച്ചുകൊണ്ട് പഴയപാപജീവിതത്തില് മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. ഒരിക്കല്‍ മാത്രം സിദ്ധമാകുന്ന ജീവിതം ആവോളം ആസ്വദിക്കണം എന്ന എപ്പിക്കൂറിയന്‍ സിദ്ധാന്തമാണ് അന്നെനിക്ക് അഭികാമ്യമായി തോന്നിയത്-തിന്നുക, കുടിക്കുക, ആനന്ദിക്കുക. ഞങ്ങളുടെ നാട്ടിലുള്ള കത്തോലിക്കാ വിശ്വാസിയായ കുഞ്ഞുമോന് എന്ന ആളും ചില പെന്തക്കോസ്തുവിശ്വാസികളും എന്റെ പോക്ക് ശരിയല്ലെന്ന് എന്നെ ഗുണദോഷിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഉപദേശങ്ങളൊന്നും ഞാന്‍ കൂട്ടാക്കിയില്ല.
എന്റെ ജീവിതത്തിലും രൂക്ഷമായ ഒരു പ്രതിസന്ധി നേരിട്ടപ്പോഴാണ് പാപത്തിന്റെ ദോഷത്തെപ്പറ്റി ചിന്തിച്ചത്. അച്ഛനെപ്പോലെ ഞാനും ഒരു രോഗിയായി-1997ല്‍. രോഗത്തിനു വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. എന്റെ രോഗം കടുത്ത ഇസ്നോഫീലിയ ആയിരുന്നു. ശരീരം മുഴുവന്‍ നീരുവന്നു ചീര്‍ത്തു. മുഖം മാതളനാരങ്ങാപോലെയായി.
അങ്ങനെ രോഗിയായി കിടക്കുമ്പോഴാണ് മരണത്തെപ്പറ്റിയുള്ള ചിന്ത എന്നെ ഗ്രസിച്ചത്. എന്റെ സുഹൃത്തുക്കള്‍ മിക്കവരും എന്നെ കാണാന്‍ വന്നു. വിശേഷിച്ച് ഞാന്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സാരഥി ക്ലബ്ബിന്റെ അംഗങ്ങള്‍ പതിവായി എന്റെ വീട്ടില്‍ വന്നുകൊണ്ടിരുന്നു.
പക്ഷേ, അവര്‍ക്കാര്‍ക്കും എനിക്ക് ആശ്വാസം നല്കാന് കഴിഞ്ഞില്ല. മരണം എന്നെ തുറിച്ചു നോക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു.
ഭീകരമായ കൂരിരുട്ട്! രാത്രിയിലെ എന്റെ സ്വപ്നങ്ങളെല്ലാം ശവപ്പെട്ടിയെപ്പറ്റിയും ശവക്കുഴിയെപ്പറ്റിയും! മരണം മാത്രമേ എന്റെ മുമ്പിലുള്ളൂ എന്നെനിക്കു തോന്നിതുടങ്ങി.
അന്നേവരെ മരണാനന്തരജീവിതത്തെപ്പറ്റിയോ ആത്മാവിന്റെ നിത്യതയെപ്പറ്റിയോ ഞാന്‍ ചിന്തിച്ചിട്ടില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഞാന്‍ ചിന്താമഗ്നനായി. ആത്മാവിനെപ്പറ്റി, നിത്യതയെപ്പറ്റി ചിന്തിച്ചുതുടങ്ങി.
മാതാപിതാക്കള്‍ കൂട്ടായ്മ നടത്തുന്ന സഭയിലെ സഹോദരന്മാരും മറ്റു ചിലരും എന്റെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി വന്നുകൊണ്ടിരുന്നു. അവര്‍ പൊയ്ക്കൊണ്ടിരുന്ന സഭയില്‍ അന്ന് പത്തുനൂറുപേര് ആരാധനയ്ക്ക് സംബന്ധിച്ചിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. അക്കൂട്ടത്തില്‍ പാരമ്പര്യക്രൈസ്തവ സഭയില്‍ നിന്ന് പെന്തക്കോസ്തുവിശ്വാസം സ്വീകരിച്ചവര്‍ ഉണ്ട്. ഈഴവസമുദായത്തില്‍ നിന്നും പിന്നോക്ക സമുദായങ്ങളില്‍നിന്നും മറ്റ് ഹൈന്ദവസമുദായങ്ങളില് നിന്നും പെന്തക്കോസ്തു വിശ്വാസം സ്വീകരിച്ചവരും ഉണ്ടായിരുന്നു. ജാതിമതവ്യത്യാസം കൂടാതെ അവരില്‍ പലരും എന്റെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി വന്നുകൊണ്ടിരുന്നു.
ആദ്യമായി അവര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ തന്നെ എന്നിലുണ്ടായിരുന്ന മരണഭയം നീങ്ങിപ്പോയി. ശവപ്പെട്ടിയ്ക്കു പകരം ക്രിസ്തുവിന്റെ പ്രകാശം കാണാന്‍ തുടങ്ങി. ശവക്കുഴിക്കു പകരം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ കരങ്ങളാണ് ഉള്ളില്‍ തെളിഞ്ഞു വന്നത്. രോഗികളെ സൗഖ്യമാക്കുന്ന കരം. മരണത്തെ മാത്രം മുമ്പില്‍ കണ്ടിരുന്ന ഞാന്‍ ജീവിക്കുന്ന ക്രിസ്തുവിനെയാണ് ഹൃദയത്തില്‍ കണ്ടുതുടങ്ങിയത്.
പ്രാര്‍ത്ഥിക്കാന്‍ വന്നവര്‍ കാല്‍വറിയിലെ ക്രൂശിലൂടെ ദൈവം പ്രദര്‍ശിപ്പിച്ച സ്നേഹത്തെപ്പറ്റി പറഞ്ഞു. ദൈവം എന്നെ സ്നേഹിക്കുന്നു എന്ന് അപ്പോഴാണ് ആദ്യമായി എനിക്കു ബോദ്ധ്യപ്പെട്ടത്. ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിനായി എന്റെ ജീവിതം സമര്‍പ്പിച്ചു. 1997 മാര്‍ച്ചിലായിരുന്നു എന്റെ മാനസാന്തരം. മാനസാന്തരപ്പെട്ടപ്പോള് നിത്യതയെപ്പറ്റിയും സ്വര്‍ഗ്ഗത്തെപ്പറ്റിയും എന്റെ മനസ്സില്‍ വലിയ ഒരു ഉറപ്പും പ്രത്യാശയും കിട്ടി.
പിന്നീട് കര്‍ത്താവ് എന്നെ ആ രോഗത്തില്‍ നിന്ന് പൂര്‍ണമായി വിടുവിച്ചു. 1997 ഡിസംബറിലാണ് എനിക്ക് പൂര്‍ണമായി രോഗശാന്തി ലഭിച്ചത്. വിശ്വാസികളുടെ പ്രാര്‍ത്ഥനയാണ് അതിന് മുഖാന്തരം.
രോഗസൗഖ്യാനന്തരം സുവിശേഷവേല ചെയ്യണമെന്ന അത്യധികമായ താല്പര്യം എനിക്കുണ്ടായി. തിരുവല്ലയിലുള്ള ഇമ്മാനുവേല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്നുവര്‍ഷം പഠിച്ച് ജി. റ്റിഎച്ച്. ബിരുദം നേടി. പാസ്റ്റര്‍ വി. ജി. തോമസ്കുട്ടിയാണ് പ്രസ്തുത വേദവിദ്യാലയത്തിന്റെ പ്രിന്‍സിപ്പല്‍. കുറെനാള്‍ ജീസസ് ഫോര്‍ ജെന്റ്റൈല്സ് എന്ന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പാസ്റ്റര്‍ പി. ഗോപിയാണ് സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പ്രായോഗികപരിശീലനം എനിക്കു നല്‍കിയത്. അദ്ദേഹം ഞങ്ങളെപ്പോലെയുള്ളവരെ ആത്മീയമായി വളര്‍ത്തിയെടുക്കുന്നു എന്ന വിവരം ചില സുവിശേഷവിരോധികളെ ചൊടിപ്പിച്ചു.
ഒരിക്കല്‍ ഒരു കൂട്ടം സുവിശേഷവിരോധികള്‍ പാസ്റ്റര്‍ ഗോപിയുടെ വീട് ആക്രമിച്ചു. ഓടുകള്‍ എറിഞ്ഞുതകര്‍ത്തു. അദ്ദേഹത്തിന്റെ വീടിനു സമീപം ഒരു കള്ളുഷാപ്പ് ഉണ്ടായിരുന്നു. ഷാപ്പിന്റെ ഉടമ ചന്ദ്രഭാനുവും മദ്യപാനത്തിനായി അവിടെ കൂടിയ ചിലരും പാസ്റ്റര്‍ ഗോപിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു. വീടിനു കല്ലെറിയുന്നതു കണ്ട അവര്‍ സുവിശേഷവിരോധികളെ വിരട്ടി ഓടിച്ചു.
ഇപ്പോള്‍ ഞാന്‍ ഫാദേഴ്സ് ഗോസ്പല്‍ ഇന്റര്‍നാഷണല്‍ എന്ന കൂട്ടായ്മയില്‍ ആരാധിക്കുകയും സുവിശേഷപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്യുന്നു.
മാനസാന്തരപ്പെട്ട ദിവസം മുതല്‍ എനിക്ക് ദൈവവുമായി ഹൃദ്യമായ ഒരു ബന്ധമുണ്ട്. ക്രിസ്തുവിലുള്ള സന്തോഷം ആസ്വദിക്കുവാനുള്ള വഴി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കണം-അതാണ് എന്റെ ഇന്നത്തെ ലക്ഷ്യം.
ടെലഫോണ്‍ ഇന്റര്‍വ്യൂ, 2009
[ജീസസ് ഫോര്‍ ജെന്റ്റൈല്സ് (JFG) സംഘടനയുടെ സ്ഥാപകന്‍ പാസ്റ്റര്‍ പി. ഗോപിയാണ് ഇവാന്‍ജലിസ്റ്റ് കെ. കെ. രഞ്ജിത്തിനെ ഏഴംകുളം സാംകുട്ടിക്ക് പരിചയപ്പെടുത്തിയത്. JFG യ്ക്കു വേണ്ടി രഞ്ജിത്തിനെപ്പറ്റി ശ്രീ ഒ. ജെ. ജോണ്‍ തയ്യാറാക്കിയ ഒരു ബുക്ക്ലറ്റും അയച്ചുതരികയുണ്ടായി. പ്രസ്തുത ബുക്ക്ലറ്റാണ് ഈ അനുഭവസാക്ഷ്യത്തിന്റെ പ്രധാന അവലംബം. 2009 സെപ്റ്റംബര്‍ 6 നും13 നും ഡോ. സാംകുട്ടി ബ്രദര്‍ രഞ്ജിത്തുമായി നടത്തിയ ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതിലെ വിശദാംശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പിന്നോക്ക സമുദായങ്ങളിലുള്ളവരുടെ ഇടയില്‍ വിപുലമായ രീതിയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ദൈവദാസനാണ് പാസ്റ്റര്‍ പി. ഗോപി. നൂറുകണക്കിന് യുവസുവിശേഷകന്മാര്ക്ക് അദ്ദേഹത്തിന്റെ ടീം പരിശീലനം നല്‍കിയിട്ടുണ്ട്. പാസ്റ്റര്‍ പി. ഗോപിയുമായി ബന്ധപ്പെടാനുള്ള വിലാസം: Jesus For Gentiles, Post Box No.2, Pakkil P. O., Kottayam 686012. Phone numbers: 0481-236-2130. MOB: 944 716 2130. E-mail: jesusforgentile@bharatmail.com]