വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയിലെ പുരോഹിതര്‍ ഉള്‍പ്പെട്ട ബാലലൈംഗീകപീഡന ആരോപണങ്ങള്‍ പ്രാദേശികസഭാ നേതൃത്വം കൈകാര്യം ചെയ്യേണ്ട രീതി സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ വത്തിക്കാന്‍ പുറത്തിറക്കി. പുരോഹിതന്‍മാര്‍ നടത്തുന്ന ബാലലൈംഗീകപീഡനം, മാനസികന്യൂനതയുള്ളവര്‍ക്കെതിരെയുള്ള പീഡനം, കുട്ടികളുടെയും മറ്റും അശ്ലീലചിത്രങ്ങള്‍ ഉപയോഗിക്കുന്നതും പകര്‍ത്തുന്നതും തുടങ്ങിയ വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാദേശികതലത്തില്‍ കൈക്കൊള്ളേണ്ട നടപടികളാണ് വത്തിക്കാന്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ പുതിയ നടപടിക്രമങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, നിലവിലുള്ളതില്‍ നിന്ന് കാര്യമായ മാറ്റമില്ലെന്നും ആക്ഷേപമുണ്ട്.
സഭയുടെ ഏതെങ്കിലും ഭാഗത്ത് പുരോഹിതരോ സന്യസ്തരോ ഉള്‍പ്പെട്ട പീഡനങ്ങള്‍ ഉണ്ടായാല്‍ ആ പ്രദേശത്തെ പോലീസ്- സിവിള്‍ അധികാരികളെ അറിയിക്കണമെന്ന് വത്തിക്കാന്‍ പുതുതായി പുറത്തിറക്കിയ നടപടിക്രമങ്ങളിലും ഇല്ലെന്നുള്ളതാണ് മാര്‍ഗനിര്‍ദേശങ്ങളുടെ പ്രധാന ന്യൂനത. സിവിള്‍ അധികാരികള്‍ക്ക് സഭയുടെ അധികൃതിരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യമുണ്‌ടെങ്കില്‍ അവരുമായി സഹകരിക്കണമെന്ന് മാത്രമാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മറിച്ച് , ആരോപണം ഉണ്ടായാല്‍ പോലീസ് -സിവിള്‍ അധികാരികളുടെ പക്കല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സഭ നിഷ്‌കര്‍ഷിക്കുന്നില്ല.
ആരോപണവിധേയനായ പുരോഹിതനെ പ്രഥമദൃഷ്യട്യാ വൈദീകവൃത്തിയില്‍ നിന്ന് പുറത്താക്കാന്‍ പ്രദേശത്തെ ബിഷപ്പുമാര്‍ക്ക് കാനോനിക അധികാരം നല്കുന്നതായും നിര്‍ദേശമില്ല. മാത്രമല്ല തങ്ങളുടെ അധികാരപരിധിയില്‍ പീഡനം നടക്കുന്നുണ്‌ടെന്ന് അറിഞ്ഞിട്ടും സംഭവം മൂടിവയ്ക്കുന്നവരും നടപടിയെടുക്കാത്തവരുമായ ബിഷപ്പുമാര്‍ക്കും മറ്റ് സഭാധികൃതര്‍ക്കും എതിരായുള്ള കാനോനിക നടപടികളെ പറ്റിയും വത്തിക്കാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല.
ലോകത്തെമ്പാടും പുരോഹിതരുടെ നേതൃത്വത്തില്‍ നാളുകളായി നടന്ന പീഡനങ്ങള്‍ സംബന്ധിച്ച് അന്വേഷണറിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നതിനെതുടര്‍ന്ന് മേല്‍ പറഞ്ഞ ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാന്‍ സഭാധികാരികള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായവരുടെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വത്തിക്കാന്‍ ഇപ്പോള്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പുതുതായി ഒന്നുമില്ലെന്നും പഴയവീഞ്ഞ് പുതിയകുപ്പിയില്‍ പകര്‍ന്ന് കുറ്റക്കാരായവര്‍ക്കെതിരെ സഭാനേതൃത്വം ഇതുവരെ കൈകൊണ്ട മൃദുസമീപനം വീണ്ടും തുടരുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു.
സഭ നടത്തുന്ന അന്വേഷണത്തിനൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയാല്‍ ആ വ്യക്തിയ്ക്ക് നല്‌കേണ്ട കാനോനിക ശിക്ഷകളും പൗരോഹിത്യവൃത്തിയില്‍ നിന്ന് അകറ്റിനിര്‍ത്തിന്നത് സംബന്ധിച്ചുള്ള കാര്യങ്ങളും ആ വ്യക്തിയ്ക്ക് സഭാതലത്തില്‍ ഏര്‍പ്പെടുത്തേണ്ട വിലക്കുകളുമെല്ലാം പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ഇരട്ടിയാക്കിയിട്ടുണ്‌ടെന്നതാണ് വത്തിക്കാന്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളിലെ പുതുതായ ഒരു സംഗതി. മാത്രമല്ല, സ്ത്രീകളെ പൗരോഹിത്യവേലയിലേക്ക് ആരോഹണം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെയും ലൈംഗീകആരോപണവിധേയരാകുന്നവര്‍ക്കെതിരെ സ്വീകരിക്കുന്ന അതേ ശിക്ഷ സ്വീകരിക്കണമെന്നും നിര്‍ദേശച്ചിരിക്കുന്നു. സ്ത്രീകളുടെ പൗരോഹിത്യത്തെ ബാലലൈംഗീകപീഡനത്തിന് തുല്യമായി കണക്കാക്കിയ വത്തിക്കാന്‍ നടപടിക്കെതിരെ പലകോണില്‍ നിന്നും ഇതിനോടകം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വിമര്‍ശനങ്ങളെയെല്ലാം വത്തിക്കാന്‍ പ്രതിനിധി മോണ്‍സിഞ്ഞോര്‍ ചാള്‍സ് സിസുലിനാ നിഷേധിച്ചു. കത്തോലിക്കാ സഭയിലെ ഓരോ വ്യക്തിയും അവര്‍ ജീവിക്കുന്ന പ്രദേശത്തെ സിവിള്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും അതിനാല്‍ കാനോനിക നടപടിക്രമങ്ങള്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകിച്ച് സിവിള്‍ നിയമം സംബന്ധിച്ച് സഭാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‌കേണ്ട ആവശ്യമില്ലെന്നുമായിരുന്നു വിമര്‍ശനങ്ങളോടുളള അദേഹത്തിന്റെ മറുപടി. പുരോഹിതരും സന്യസ്തരും നടത്തുന്ന ബാലലൈംഗീകപീഡനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കര്‍ശനമായി നേരിടുന്നതില്‍ സഭയുടെ ആഭ്യന്തര നീതിന്യായവ്യവസ്ഥ വീണ്ടും പരാജയപ്പെട്ടുവെന്നാണ് മോണ്‍സിഞ്ഞോറിന്റെ മറുപടിയെ കുറിച്ച് പീഡനത്തിനിരയായവരുടെ സംഘടനകകള്‍ പ്രതികരിച്ചത്.