കോഴഞ്ചേരി: കേരളത്തിലെ അഞ്ചു ആദിവാസി ഭാഷകളിലേക്ക് മര്‍ക്കോസിന്റെ സുവിശേഷം തയ്യാറായി. 24-ന് കോഴഞ്ചേരി മര്‍ത്തോമ്മ റിട്രീറ്റ് സെന്ററില്‍ നടന്ന മിഷന്‍ സെമിനാറില്‍ കേരളത്തിലെ അഞ്ചു ആദിവാസി ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മര്‍ക്കോസിന്റെ സുവിശേഷം വായിച്ചു. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ലൈഫ് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.എല്‍.സി.ഐ) എന്ന ബൈബിള്‍ പരിഭാഷ സംഘടനയാണ് കേരളത്തിലെ ആദിവാസി ബൈബിള്‍ പരിഭാഷയ്ക്ക് നേതൃത്വം നല്‍കിയത്.
കേരളത്തിലെ ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഉള്ള മന്നാന്‍, മുതുവാന്‍, പാല്‍ക്കുറുമ്പ, മുടുക, റാവുള്ള എന്നീ ആദിവാസി വിഭാഗങ്ങളുടെ സ്വന്ത ഭാഷയിലേക്കാണ് മര്‍ക്കോസ് സുവിശേഷം തയ്യാറായത്. ദീര്‍ഘനാളത്തെ എന്‍.എല്‍.സി.ഐയുടെ സര്‍വ്വേയുടെ ഫലമായാണ് കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് ബൈബിള്‍ അനിവാര്യമാണെന്ന ആവശ്യത്തിലേക്ക് എത്തിച്ചേര്‍ന്നത്.
അതത് സമുദായത്തില്‍ നിന്നും രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവന്ന എന്‍.എല്‍.സി.ഐ പ്രവര്‍ത്തകരാണ് സുവിശേഷ പ്രതി തയ്യാറാക്കിയത്. പ്രിന്റിംഗ് ജോലികള്‍ സെപ്റ്റംബറോടുകൂടി ആരംഭിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് എന്‍.എല്‍.സി.ഐ പ്രവര്‍ത്തകര്‍. ഇന്ത്യയിലെ നൂറ്റിയിരുപത്തിയഞ്ചു ഭാഷകളില്‍ ബൈബിള്‍ പരിഭാഷ നടന്നുകൊണ്‍ടിരിക്കുന്നു. ഇതില്‍ ഇരുപത്തിരണ്‍ട് ഭാഷകളുടെ പഠനം നടത്തുന്നത് ഈ സംഘടനയാണ്.