കോഴഞ്ചേരി: ഭാരതത്തിലെ ജനവിഭാഗങ്ങള്‍ സുവിശേഷ സത്യം ഗ്രഹിക്കുവാന്‍ ഇനിയും നാം ഒരു ബെഞ്ചമിന്‍ ബെയ്‌ലിയെ പ്രതീക്ഷിച്ചിരിക്കരുതെന്ന് ബൈബിള്‍ പരിഭാഷാ രംഗത്ത് ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂ ലൈഫ് കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍.എല്‍.സി.ഐ), ചര്‍ച്ച് റിലേഷന്‍ എക്‌സിക്യൂട്ടീവ് ബ്രദര്‍ ഷിബൂ കുര്യന്‍ പറഞ്ഞു. 24-ന് മാരാമണ്‍ മര്‍ത്തോമ്മ റിട്രീറ്റ് സെന്ററില്‍ നടന്ന മിഷന്‍ സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒന്നാം നൂറ്റാണ്‍ടില്‍ തന്നെ സുവിശേഷം കേരളത്തില്‍ എത്തിയെങ്കിലും വേദപുസ്തകം നമ്മുടെ ഹൃദയ ഭാഷയായ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാന്‍ വിദേശ മിഷനറിയായ ബെഞ്ചമിന്‍ ബെയ്‌ലിക്ക് കേരളത്തില്‍ വരേണ്‍ടി വന്നു. വേദപുസ്തകം മലയാളത്തിലേക്ക് ലഭ്യമായതോടെയാണ് നമ്മുടെ അവസ്ഥയ്ക്ക് സമൂലമായ മാറ്റമുണ്‍ടായതും സഭകള്‍ ഉണര്‍ത്തപ്പെട്ടതും-അദ്ദേഹം പറഞ്ഞു.
നാനൂറ്റി മുപ്പതു ഭാഷകളുള്ള ഇന്ത്യയില്‍ അറുപത്തിയെട്ടു ഭാഷകളില്‍ മാത്രമാണ് ഇന്ന് പൂര്‍ണ്ണ ബൈബിള്‍ ലഭ്യമുള്ളു. ബൈബിള്‍ ലഭ്യമല്ലാത്ത ഭാഷകളില്‍ ബൈബിള്‍ പരിഭാഷ ഉണ്ടാകേണ്ടതിന്റെ ആവശ്യം ഒരു വെല്ലുവിളിയായി വിശ്വാസ സമൂഹം ഏറ്റെടുക്കണം .ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനവും മലയാളികളാണെന്നും ബ്രദര്‍ ഷിബു കുര്യന്‍ പറഞ്ഞു.
സൈമണ്‍ ജോര്‍ജജ് എന്‍.എല്‍.സി.ഐയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തി. ദൈവസ്‌നേഹം മനസ്സിലാക്കുന്നതില്‍ മാതൃഭാഷയ്ക്കുള്ള പങ്ക് വളരെ വലുതാണെന്നും ഒരമ്മ തന്റെ കുഞ്ഞിനെ ലാളിക്കുമ്പോഴും ശാസിക്കുമ്പോഴും മാതൃഭാഷയാണ് ഉപയോഗിക്കുന്നതെന്നും സുഖങ്ങളും ദുഃഖങ്ങളും പങ്കുവെക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും മാതൃഭാഷയാണ് ആശ്രയിക്കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ ബിജുമോന്‍ വര്‍ഗ്ഗീസ് പറഞ്ഞു. കേരളത്തില്‍ തന്നെ 38 ഭാഷകള്‍ സംസാരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ ഉണ്‍ടെന്നും അവരില്‍ ചില വിഭാഗങ്ങള്‍ക്ക് സ്വന്തഭാഷയിലുള്ള ബൈബിള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളത്തിലെ എന്‍.എല്‍.സി.ഐയുടെ പ്രവര്‍ത്തകര്‍ക്കായി നടന്നുവന്ന ട്രെയിനിംഗിന്റെ ഭാഗമായാണ് മിഷന്‍ സെമിനാര്‍ സംഘടിപ്പിച്ചത്. വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഡോക്ക്യുമെന്ററിയും സെമിനാറില്‍ പ്രദര്‍ശിപ്പിച്ചു.