കോട്ടയം താലൂക്കിലുള്ള വെംബ്ളി (കനകപുരി) ഗ്രാമത്തിലെ ഒരു ദളിത് (ഹരിജന്‍) കുടുംബത്തില്‍ ഞാന്‍ ജനിച്ചു. എന്റെ പിതാവിന്റെ പേര് ശങ്കരന്. മാതാവ് കാര്‍ത്ത്യായനി. അവര്‍ക്ക് ആറു മക്കള്‍. ഞാന്‍ മൂത്ത പുത്രന്. ഞങ്ങളുടെ പൂര്‍വ്വികര്‍ ചേലക്കൊമ്പ് ഗ്രാമത്തില്‍ നിന്നാണ് വെംബ്ളിയിലേക്ക് കുടിയേറിയത്.
യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി സ്വീകരിച്ച് സമാധാനം പ്രാപിക്കുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. ക്രിസ്തീയ വിശ്വാസികളില്‍ നിന്നോ മതസംഘടനകളില്നിന്നോ സാമ്പത്തികമായി എന്തെങ്കിലും പ്രതീക്ഷിച്ചുകൊണ്ടല്ല ഞാന്‍ പുതിയ വിശ്വാസം തിരഞ്ഞെടുത്തത്.
എന്റെ ചെറുപ്പം മുതല്ക്കേ ഞാന്‍ ഒരു അദ്ധ്വാനിയാണ്. നന്നായി അദ്ധ്വാനിച്ച് കുടുംബത്തെ പുലര്‍ത്തുന്നു. എന്റെ തൊഴില്‍ ടാപ്പിംഗ്. ദിവസം 300 റബ്ബര്‍മരങ്ങള്‍ വെട്ടി ആത്മാര്‍ത്ഥമായി പണി ചെയ്യുന്നു. ലഭിക്കുന്ന കൂലിയുടെ ഒരു ഭാഗം ആത്മീയ കാര്യങ്ങള്‍ക്കു വേണ്ടി ചെലവിടുന്നു. സഭയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പിരിവുകള്‍ നടത്തുമ്പോള്‍ ഞാനും എന്റെ കഴിവനുസരിച്ച് സംഭാവന നല്‍കാറുണ്ട്. വാങ്ങാനല്ല, പിന്നെയോ കൊടുക്കാനാണ് എനിക്ക് ഇഷ്ടം. എന്റെ സ്നേഹവും സഹകരണങ്ങളും ജാതിമതഭേദമന്യെ ഞാന്‍ അന്യര്‍ക്കു കൊടുക്കുന്നു. ക്രിസ്തുമതത്തില്‍ ചേരാനോ ആ മതത്തില്‍ തുടരാനോ ആരും എന്നില്‍ ഒരു പ്രലോഭനവും ചെലുത്തിയിട്ടില്ല. സ്വാര്‍ത്ഥലാഭങ്ങള്‍ക്കു വേണ്ടിയല്ല ഞാന്‍ ക്രിസ്തുവിനെ സേവിക്കുന്നത്.
ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് (1982ല്‍) ക്രിസ്തുവിനെ സ്വീകരിച്ചതിന്റെ സാഹചര്യങ്ങള്‍ ഇവിടെ പറയട്ടെ.
എന്റെ ചാച്ചന് (പിതാവ്) ഒരു കൂലിപ്പണിക്കാരനായിരുന്നു. പരമശിവനും വിഷ്ണുവും ആയിരുന്നു മാതാപിതാക്കള്‍ പ്രധാനമായും ആരാധിച്ചിരുന്ന ദൈവങ്ങള്‍. മറ്റു ദേവന്മാരെയും അവര്‍ വണങ്ങിയിരുന്നു. വീട്ടില്‍ ചെറിയ വിഗ്രഹങ്ങളും ദൈവങ്ങളുടെ ഫ്റെയിം ചെയ്ത ചിത്രങ്ങളും ഉണ്ടായിരുന്നു. അവയില്‍ പൂമാലകള്‍ ചാര്‍ത്തിക്കൊണ്ടാണ് ദൈവങ്ങളെ വണങ്ങിയിരുന്നത്.
ചെറുപ്പം മുതല്ക്കേ യഥാര്‍ത്ഥദൈവം ആര് എന്ന് ഞാന്‍ തലപുകഞ്ഞ് ആലോചിച്ചിട്ടുണ്ട്. പ്രത്യേകിച്ച് പെന്തക്കോസ്തുകാര്‍ കവലകളില്‍ പ്രസംഗിക്കുമ്പോഴും മൈക്കുവച്ച് കണ്‍വന്‍ഷനുകളില്‍ പ്രസംഗിക്കുമ്പോഴും ഞാന്‍ ദൈവത്തെപ്പറ്റി കൂടുതലായി ചിന്തിച്ചിരുന്നു. ഇവര്‍ പ്രസംഗിക്കുന്നതു ശരിയോ? എന്റെ സ്വന്തമതത്തില് മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. ആണ്‍ദൈവങ്ങള്‍, പെണ്‍ദൈവങ്ങള്‍, നപുംസകദൈവങ്ങള്. കൂടാതെ മൃഗങ്ങളെയും സര്‍പ്പങ്ങളെയും ക്ഷുദ്രജീവികളെയും യക്ഷികളെയും വണങ്ങുന്നു. അനവധി അവതാരങ്ങളും. എന്നാല്‍, ക്രിസ്തുമതത്തില്‍ പിതാവായ ഒരു ദൈവമുണ്ട്. കൂടാതെ, ദൈവപുത്രനും ഏകഅവതാരവുമായ യേശുക്രിസ്തുവും. പിതൃപുത്രപരിശുദ്ധാത്മാവാം ത്രിയേക ദൈവം എന്നാണ് ക്രിസ്ത്യാനികള്‍ വിശേഷിപ്പിക്കുന്നത്.
ഇവരില്‍ ആരു പറയുന്നതാണ് ശരി? മനുഷ്യന് പ്രത്യേകം ഒരു ആത്മാവുണ്ടോ? മരണാനന്തര ജീവിതമുണ്ടോ? മോക്ഷം പ്രാപിക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗം ഏതാണ്? നരകം ഒഴിവാക്കാന്‍ എന്തു ചെയ്താലൊക്കും? ഞാന്‍ ചിന്തിച്ച വിഷയങ്ങളാണ്.
അക്കാലത്ത് ഞാന്‍ വിവാഹിതനായി. അന്ന് ഞാന്‍ മദ്യപാനം തുടങ്ങിയിരുന്നു. ബിഡിയും സിഗരറ്റും ഉപയോഗിച്ചിരുന്നു. കുടുംബജീവിതത്തില്‍ സ്വസ്ഥത ഇല്ലാതെ വന്നു. എന്റെ ഭാര്യ ഒരു മാനസിക രോഗി ആയിരുന്നു. അക്കാര്യം വിവാഹം കഴിഞ്ഞതിനു ശേഷമാണ് ഞാനും എന്റെ മാതാപിതാക്കളും അറിഞ്ഞത്. ജീവിതത്തില്‍ താലോലിച്ചു നടന്ന സ്വപ്നങ്ങളും പ്രതീക്ഷകളും പൊലിഞ്ഞു പോകുന്നതു പോലെ തോന്നി.
ഭാര്യയുടെ മാനസികരോഗം എന്നെ തളര്‍ത്തി. ദിവസങ്ങള്‍ കഴിയുന്തോറും രോഗം മൂര്‍ച്ഛിച്ചു. ഒന്നിച്ചു ജീവിക്കുവാന്‍ പറ്റാത്ത സ്ഥിതിയിലായി. താമസിയാതെ ഞങ്ങളുടെ വിവാഹബന്ധം പരാജയത്തിലവസാനിച്ചു. ഭാര്യ അവളുടെ വീട്ടിലേക്കു മടങ്ങി. അധികം താമസിയാതെ രോഗം വര്‍ദ്ധിച്ച് അവള് മരണമടയുകയും ചെയ്തു.
വിവാഹജീവിതത്തിലെ പരാജയം എന്നെ അങ്ങേയറ്റം നിരാശനാക്കി. വീടിനോടും നാടിനോടും മടുപ്പു തോന്നി. ഒടുവില്‍ മലബാറിലേക്ക് മാറി താമസിച്ചു. അവിടെ പകല്‍ മുഴുവന്‍ ജോലി ചെയ്യും. ജീവിത നൈരാശ്യം മറക്കാനായി രാത്രിയില്‍ മദ്യസേവയും. മാസങ്ങള്‍ക്കുള്ളില്‍ വീര്യമുള്ള 'റാക്ക്' കുടിച്ചുതുടങ്ങി. പണം വച്ചുള്ള ചീട്ടുകളി സ്ഥിരം ശീലമായി. ഒടുവില്‍ കഞ്ചാവു വലിയും ജീവിതത്തിന്റെ ഭാഗമായി. ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ് (1976) മലബാറില്‍ എത്തിയത്.
അക്കാലത്ത് എനിക്ക് ആഹാരത്തോട് വിരക്തി തോന്നിത്തുടങ്ങി. ഭക്ഷണം കഴിച്ചാലുടന്‍ വയറ് കമ്പിക്കും. ക്രമേണ ശരീരം ക്ഷീണിച്ചു വന്നു. ബന്ധുക്കള്‍ ആരുമില്ലാതെ മലബാറില്‍ താമസിക്കുന്നത് ബുദ്ധിയല്ലെന്ന് എനിക്കു തോന്നി തുടങ്ങി. അഞ്ചു വര്‍ഷത്തെ മലബാറിലെ താമസത്തിനു ശേഷം 1981 ല്‍ വീട്ടില്‍ മടങ്ങിയെത്തി.
നാട്ടിലെത്തിയ ഞാന്‍ പകല്‍ മുഴുവന്‍ ജോലികളില്‍ ഏര്‍പ്പെട്ടു. വൈകിട്ട് തുടര്‍ച്ചയായി രാമായണം വായിച്ചു തുടങ്ങി. അമ്പലത്തില്‍ പോയി പൂജകളില്‍ പങ്കു കൊണ്ടിരുന്നു. പിറ്റേ വര്‍ഷം ശബരിമലയ്ക്കു പോകാന്‍ പദ്ധതിയിടുകയും ചെയ്തു.
ബൈബിള്‍ കൈയിലേന്തി ആരാധനയ്ക്കു പോകുന്ന കുറെ പെന്തക്കോസ്തുകാരെ എനിക്ക് അറിയാമായിരുന്നു. ഒരിക്കല്‍ അവരില്‍ ഒരാളോട് ഒരു ബൈബിള്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഒരു ബൈബിള്‍ എനിക്കു നല്കി. ഞാന്‍ ബൈബിള്‍ വായിച്ചുതുടങ്ങി. സര്‍വ്വശക്തനായ ഏകദൈവം സകലത്തെയും സൃഷ്ടിച്ചു എന്ന് ബൈബിളില്‍ എഴുതിയിരിക്കുന്നത് എന്നെ ആകര്‍ഷിച്ചു ബൈബിളിലെ പുതിയ നിയമഭാഗം വായിച്ചു തുടങ്ങിയപ്പോള്‍ ഒരു പ്രത്യേക ഉണര്‍വ്വും ആകാംക്ഷയും എനിക്കുണ്ടായി. യേശുക്രിസ്തു ജനിച്ചതും മരിച്ചതും ഉയിര്‍ത്തെഴുന്നേറ്റതും വളരെ വിശദമായി നാലു സുവിശേഷങ്ങളില്‍ എഴുതിയിരിക്കുന്നു. ഇവ വെറും കെട്ടുകഥകളാണെന്ന് എനിക്കു തോന്നിയില്ല.
ഞാന്‍ എന്നോടു തന്നെ ചോദിച്ചുകൊണ്ടിരുന്നു. ബൈബിള്‍ പറയുന്ന പിതാവാം ദൈവം (യഹോവ) ആണോ യഥാര്‍ത്ഥ ദൈവം? സുവിശേഷഗ്രന്ഥങ്ങളിലെ യേശുക്രിസ്തു യഥാര്‍ത്ഥ രക്ഷകനോ? ഏക അവതാരമോ? യേശുവാണോ മോക്ഷം നല്കുന്ന ദിവ്യന്? മനുഷ്യവര്‍ഗ്ഗത്തിന്റെ മൊത്തം പാപത്തിനുവേണ്ടിയാണ് ക്രിസ്തു മരിച്ചതെന്നുള്ള 'പുതിയ നിയമ'ത്തിലെ അവകാശവാദം ശരിയാണോ? എന്റെ കഴിഞ്ഞകാലത്തെ തെറ്റുകളും വീഴ്ചകളും ക്ഷമിച്ചു തരുവാന്‍ ഈ യേശുവിനു കഴിയുമോ? നിരാശയില്‍ പതിച്ച എന്റെ ഹൃദയത്തിനു സമാധാനം കിട്ടുമോ?
മോക്ഷത്തിനു വേണ്ടി, പാപമോചനത്തിനു വേണ്ടി, ഞാന്‍ ഒത്തിരി കര്‍മ്മങ്ങളും പൂജകളും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരുന്നു. എന്നാല്‍, പുതിയ നിയമം പറയുന്നത് എന്റെ സ്വന്തം കര്‍മ്മങ്ങള്‍ കൊണ്ടല്ല, പിന്നെയോ യേശുക്രിസ്തു ക്രൂശില്‍ ചെയ്ത കര്‍മ്മം കൊണ്ടാണ് നിമിഷത്തിനുള്ളില്‍ എനിക്ക് പാപമോചനവും രക്ഷയും ലഭിക്കുന്നത് എന്നാണ്. എന്റെ ആത്മാവിന് മുക്തി ലഭിക്കാന്‍ മരണാനന്തരം പല പല ജന്മങ്ങളിലൂടെ കടന്നു പോകേണ്ടി വരുമെന്ന് ഹിന്ദുമതം പറയുന്നു. എന്നാല്‍, യേശുക്രിസ്തു ക്രൂശില്‍ അര്‍പ്പിച്ച യാഗത്തിന്റെ അടിസ്ഥാനത്തില്‍ യേശുവിനെ സ്വീകരിക്കുന്ന നിമിഷത്തില്‍ തന്നെ ഞാന്‍ മുക്തിയ്ക്ക് യോഗ്യനായി തീര്‍ന്നിരിക്കുന്നു എന്ന് 'പുതിയനിയമം' പറയുന്നു. ഇവയില്‍ ഏതാണ് ശരി? പുനര്‍ജ്ജന്മം എന്ന ഒരു അവസ്ഥയോ ഘട്ടമോ മനുഷ്യന് തരണം ചെയ്യേണ്ടി വരുമോ? അതോ ഇതൊക്കെ വെറും ഊഹാപോഹങ്ങളാണോ? ഞാന്‍ ചിന്തിച്ചു കൊണ്ടിരുന്നു.
അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഇളങ്കാട് എന്ന സ്ഥലത്ത് ഇന്‍ഡ്യാ പെന്തക്കോസ്തു സഭയുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. ആ സഭയുടെ ആരാധനയില്‍ സംബന്ധിക്കുവാന്‍ എന്റെ ഉള്ളില്‍ ആഗ്രഹം തോന്നി. ഒരു ഞായറാഴ്ച ഞാന്‍ അവരുടെ കൂട്ടായ്മയില്‍ സംബന്ധിച്ചു. പള്ളിയില്‍ ഇരുന്നപ്പോഴും എന്റെ പോക്കറ്റില്‍ ബീഡിയും തീപ്പെട്ടിയും ഉണ്ടായിരുന്നു. അന്നത്തെ അവരുടെ ആരാധന പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഒരു ആത്മീയ ചൈതന്യം എന്റെ ഉള്ളില്‍ പകര്‍ന്നു. പിന്നീടുള്ള മാസങ്ങളില്‍ ഞാന്‍ അവിടെ ഇടയ്ക്കിടെ പൊയ്ക്കൊണ്ടിരുന്നു.
അവിടത്തെ പാസ്റ്ററുടെ പേര് സഖര്യാ എന്നായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ പുതിയ നിയമത്തിലെ സന്ദേശങ്ങള്‍ ഞാന്‍ കൂടുതല്‍ മനസ്സിലാക്കി. പാപിയായ മനുഷ്യന് എത്ര നല്ല കര്‍മ്മങ്ങള്‍ ചെയ്താലും രക്ഷ (മുക്തി) കിട്ടുകയില്ല. ക്രിസ്തുവിനെ സ്വീകരിച്ചാല്‍ അവന് വീണ്ടും ജനനം ഉണ്ടാകും. ക്രിസ്തു അവന്റെ പാപത്തിന്റെ കടം വീട്ടുകയും ചെയ്യും. അങ്ങനെ മാനസാന്തരപ്പെടുന്ന ഒരു വ്യക്തി ഉടന്‍തന്നെ നിത്യജീവന് അവകാശിയാകുന്നു. ക്രിസ്തു മനുഷ്യന് രക്ഷ നല്‍കുന്നത് സൗജന്യമായിട്ടാണ്. അതിന് പൂമാലയും ഹോമങ്ങളും നേര്‍ച്ചകളും ഒന്നും വേണ്ടാ. രക്ഷ ഒരു ദാനമാണ്; അല്ലാതെ കര്‍മ്മങ്ങളുടെ പ്രതിഫലം അല്ല-പാസ്റ്റര്‍ മനസ്സിലാക്കി തന്നു.
എന്റെ പാരമ്പര്യവിശ്വാസങ്ങളുമായി തട്ടിച്ചു നോക്കിയപ്പോള്‍, പാസ്റ്റര്‍ പറഞ്ഞ ആശയങ്ങള്‍ എനിക്ക് ശരിയായി തോന്നി. ഞാന്‍ യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗത്തെ എനിക്കു വേണ്ടിയുള്ള പരിഹാരയാഗമായി സ്വീകരിച്ചു. ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം സ്വീകരിച്ചു-1982ല്‍. ദിവ്യമായ ഒരു സമാധാനം എന്നില്‍ അലയടിച്ചു തുടങ്ങി. വളരെ പണം ചെലവാക്കി നടത്തിയിട്ടുള്ള പൂജകള്‍ക്കോ ഹോമങ്ങള്ക്കോ നല്കാന് കഴിഞ്ഞിട്ടില്ലാത്ത സമാധാനം! എന്റെ വീട്ടില്‍ വച്ചും പെന്തക്കോസ്തുപള്ളിയില് വച്ചും നടത്തിയിട്ടുള്ള പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും വേണ്ടി ആരും ഒരു പൈസയും എന്നോടു ചോദിച്ചിട്ടില്ല. ഒരു മെഴുകുതിരിപോലും അവയ്ക്കു വേണ്ടി ചെലവാക്കേണ്ടി വന്നിട്ടില്ല.
ഞാന്‍ സത്യം കണ്ടെത്തിയിരിക്കുന്നു എന്ന ഒരു ഉറപ്പ് എന്റെ ഹൃദയത്തിലുണ്ടായി. ദൈവം ക്രിസ്തുവിന്റെ ക്രൂശിലൂടെ എന്റെ പാപങ്ങളുടെ കടം ക്ഷമിച്ചുവീട്ടിയിരിക്കുന്നു എന്ന ബോധ്യമാണ് എനിക്കു സമാധാനം നല്കിക്കൊണ്ടിരുന്നത്.
വിശ്വാസജീവിതത്തില്‍ ഇങ്ങനെ പത്തുപന്ത്രണ്ടുവര്ഷങ്ങള് കടന്നുപോയി. ഇതിനിടെ എന്റെ പുനര്‍വിവാഹം നടന്നു. ലീലാമ്മ എന്നാണ് എന്റെ ഭാര്യയുടെ പേര്. ഞങ്ങള്‍ക്ക് ഒരു ആണ്‍കുട്ടി ജനിച്ചു.
പെട്ടെന്ന് എനിക്ക് ഒരു അസുഖം പിടിപെട്ടു. എന്റെ തൊണ്ടയ്ക്ക് വേദന. ശബ്ദത്തില്‍ വ്യത്യാസം. ഇടയ്ക്കിടെ ശ്വാസതടസ്സവും ഉണ്ടായിക്കൊണ്ടിരുന്നു. എന്റെ കഴുത്തില്‍ ഒരു മുഴ. അത് വളര്‍ന്നുകൊണ്ടിരുന്നു. ഒരു കോഴിമുട്ടയുടെ വലിപ്പം. ആ മുഴയാണ് വേദനയും ശ്വാസതടസ്സവും ഉണ്ടാക്കിയത്.
ഓപ്പറേഷന് വേണമെന്നായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. അതിനുവേണ്ടിയുള്ള പണം സ്വരൂപിച്ചുകൊണ്ടിരുന്നു. ഓപ്പറേഷനെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം എന്റെ ഉള്ളില്‍ ഭയത്തിന്റെ വേലിയേറ്റം.
നാട്ടുകാരില്‍ ചിലര്‍ എന്നെ പരിഹസിച്ചു പറഞ്ഞു. ''നിന്റെ പുതിയ ദൈവം-യേശു-നിന്നെ സൗഖ്യമാക്കും. പ്രാര്‍ത്ഥിച്ചുനോക്ക്.''
എന്റെ പഴയ ദൈവങ്ങളിലേക്ക് മടങ്ങിച്ചെല്ലാനുള്ള സന്ദേശമായിരുന്നു അവരുടെ വാക്കുകളില്‍ ഒളിച്ചുവച്ചിരുന്നത്.
യേശുക്രിസ്തു പൂര്‍ണമനുഷ്യനും പൂര്ണദൈവവുമാണെന്ന കാര്യത്തില്‍ എന്റെ ഹൃദയത്തില്‍ ഉറപ്പുണ്ടായിരുന്നു. യേശുവിനെക്കാള്‍ മികച്ച ജീവിതം നയിച്ച ഒരാളെപ്പറ്റിയോ ഒരു ദൈവത്തെപ്പറ്റിയോ മതഗ്രന്ഥങ്ങളില്‍ ഞാന്‍ വായിച്ചിട്ടില്ല. അതുകൊണ്ട് ഞാന്‍ രോഗം കൊണ്ടു മരിക്കേണ്ടിവന്നാലും, പഴയ വിഗ്രഹങ്ങളിലേക്കോ പഴയദൈവങ്ങളിലേക്കോ മടങ്ങിപ്പോകുന്ന കാര്യം ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല.
സഭയിലെ ചില വിശ്വാസികളും പാസ്റ്ററും ആഹാരം വെടിഞ്ഞ് എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുതുടങ്ങി. തികച്ചും സൗജന്യമായിട്ടാണ് അവരുടെ സമയവും സഹകരണവും എനിക്കു നല്‍കിയത്. പെന്തക്കോസ്തുകാരുടെ ശുശ്രൂഷകള്‍ക്ക് തിരിയും ഭസ്മവും ചന്ദനവും വിശേഷവസ്ത്രങ്ങളും ഒന്നും വേണ്ടാത്തതുകൊണ്ട് യാതൊരു സാമ്പത്തികഭാരവും എന്റെ രോഗത്തിന്റെ പേരില്‍ എനിക്കുണ്ടായില്ല.
ഒരുദിവസം ഗാഢനിദ്രയില്‍ ഞാന്‍ ഒരു സ്വപ്നം കണ്ടു. ഞാന്‍ ഒരു ഓപ്പറേഷന് മുറിയില്‍ കിടക്കുകയാണ്. വെള്ളവസ്ത്രങ്ങള്‍ ധരിച്ച രണ്ടുപേര്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ഒരാള്‍ എന്നോടു പറഞ്ഞു: ''നിന്റെ ഈ മുഴ ഞാന്‍ ഓപ്പറേഷന് ചെയ്തു മാറ്റാന്‍ തുടങ്ങുകയാണ്.'' എന്നോട് നൂറുവരെ എണ്ണാന്‍ പറഞ്ഞു. കുറെ എണ്ണിയപ്പോള്‍ നാവുകുഴഞ്ഞു. ഞാന്‍ പരാതിപ്പെട്ടു: ''അയ്യോ, ഓപ്പറേഷനു മുമ്പ് ഒന്നു പ്രാര്‍ത്ഥിക്കാന്‍ പോലും പറ്റിയില്ലല്ലോ!'' ഇത്രമാത്രമേ ആ സ്വപ്നത്തെപ്പറ്റി ഞാന്‍ ഓര്‍ക്കുന്നുള്ളൂ.
പിറ്റേദിവസം രാവിലെ എഴുന്നേറ്റു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ മുഴ കാണാനില്ല. പിടലി തിരിച്ചു നോക്കി. മുഴ പൂര്‍ണമായി അപ്രത്യക്ഷമായിരിക്കുന്നു. ഉമിനീര് വിഴുങ്ങിനോക്കി. വേദനയും ഇല്ല.
ഇന്നേക്ക് പതിനഞ്ചു വര്‍ഷം മുമ്പാണ് (1994ല്‍) ആ മുഴ അപ്രത്യക്ഷമായത്. പിന്നീട് ഒരിക്കലും ആ മുഴ പ്രത്യക്ഷപ്പെട്ടിട്ടില്ല.
വേദപുസ്തകം പതിനഞ്ചു പ്രാവശ്യം ആദ്യന്തം വായിക്കുവാന്‍ എനിക്കു സാധിച്ചിട്ടുണ്ട്.
ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിനുശേഷം എനിക്ക് നാട്ടിലെ സാമൂഹ്യവിരുദ്ധരില്‍ നിന്ന് ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദളിത സമുദായക്കാരന് എന്ന നിലയില്‍ എനിക്കു കിട്ടേണ്ട അനേകം ആനുകൂല്യങ്ങള്‍ അവര്‍ തടഞ്ഞുകളഞ്ഞു. ദളിതര്‍ക്ക് വീടു വയ്ക്കാന്‍ കിട്ടുന്ന സഹായവും അവര്‍ മുടക്കി. എന്റെ മകന് സതീഷിനു കിട്ടാനുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും മുടക്കിക്കളഞ്ഞു.
മാതാപിതാക്കള്‍ എന്റെയും ഭാര്യയുടെയും വിശ്വാസത്തെ എതിര്‍ത്തുകൊണ്ടിരുന്നു. സാമ്പത്തികനേട്ടങ്ങള്‍ അവര്‍ ഞങ്ങളുമായി പങ്കുവയ്ക്കുകയില്ലായിരുന്നു. എല്ലാ കാര്യത്തിലും മറ്റു മക്കള്‍ക്കായിരുന്നു അവര്‍ മുന്‍ഗണന നല്‍കിയത്. എനിക്ക് ഒരു ചെറിയ വീടുണ്ട്. മാതാപിതാക്കള്‍ ദാനമായി നല്കിയ ഒരു കട്ടില് വീട്ടില്‍ ഉണ്ടായിരുന്നു. ആ കട്ടിലു പോലും അവര്‍ തിരികെ എടുപ്പിച്ചു.
എന്റെ ചാച്ചന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗിയായി. തൊലി പൊട്ടി രക്തം ഒലിക്കുന്ന രോഗം. കിടക്കാന്‍പോലും വയ്യാത്ത അവസ്ഥ. വസ്ത്രങ്ങളില്‍ രക്തവും ചലവും ഒട്ടിപ്പിടിച്ചിരുന്നു. വേദനകൊണ്ട് ഉറക്കവും നഷ്ടമായിതുടങ്ങി.
അനേകം ആശുപത്രികളില്‍ ചികിത്സിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ ആഴ്ചകള്‍ കിടന്നു. മരിക്കുന്നതുവരെ ഈ അസുഖം മാറാന്‍ സാധ്യതയില്ലെന്ന് പറഞ്ഞുകൊണ്ട് അവര്‍ ചാച്ചനെ വീട്ടിലേക്ക് തിരികെ അയച്ചു. സഭാ വിശ്വാസികള്‍ ചാച്ചന്റെ വീട്ടില്‍ വച്ച് പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹിച്ചു. ചാച്ചനും അമ്മയ്ക്കും ആദ്യം താല്പര്യം ഇല്ലായിരുന്നു. ഒടുവില്‍ അവര്‍ സമ്മതം നല്കി. ഐ.പി.സി. കൂട്ടായ്മയിലെ പാസ്റ്ററും വിശ്വാസികളും ചാച്ചന്റെ വീട്ടില്‍ പ്രാര്‍ത്ഥന തുടങ്ങി. ചിലര്‍ ആഹാരം വെടിഞ്ഞാണ് ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ ചാച്ചന്റെ വ്രണങ്ങള്‍ പയ്യെപയ്യെ കരിഞ്ഞുതുടങ്ങി. ക്രമേണ പൂര്‍ണമായി രോഗവിമുക്തനായി. അദ്ദേഹം യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കയും ചെയ്തു.
അന്നൊരിക്കല്‍ ചാച്ചന് ഗാഢനിദ്രയില്‍ ഒരു ദര്‍ശനം ഉണ്ടായി. ചാച്ചന്റെ മുമ്പില്‍ അനേകദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നിരനിരയായി പ്രത്യക്ഷപ്പെട്ടു. അവ അനങ്ങാതെ അതതുസ്ഥാനങ്ങളില് ഇരിക്കുന്നു. പെട്ടെന്ന് അവയുടെ നടുവില്‍ പ്രകാശം പരത്തുന്ന ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ആ രൂപം ചലിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. മാലാഖയുടെ മുഖം പോലെ ആ രൂപത്തിന്റെ മുഖം മിന്നിതിളങ്ങാന്‍ തുടങ്ങി. ''നീ എന്നോടു കൂടെ വരിക'' എന്നൊരു ശബ്ദവും കേട്ടു. ചാച്ചന് ആ രൂപത്തെ അനുഗമിച്ചു. ആയിരമായിരം ഏക്കര്‍ വിസ്തൃതിയുള്ള ഒരു ചതുപ്പുപ്രദേശത്തേക്കാണ് ചാച്ചനെ ആ രൂപം നയിച്ചത്. ചതുപ്പുനിലത്തിന്റെ മധ്യത്തില്‍ വലിയ ഒരു പാറ. ''ഞാന്‍ ഈ പാറയാകുന്നു; കുലുങ്ങാത്ത ബലമുള്ള പാറ; ഇതിന്റെ മുകളിലേക്കു കയറി നില്ക്കൂ;'' ആ ദിവ്യരൂപം ആജ്ഞാപിച്ചു. ചാച്ചന് അറച്ചുനിന്നപ്പോള്‍ ബലമുള്ള ഒരു കരം ചാച്ചനെ താങ്ങിക്കയറ്റി. പെട്ടെന്ന്, ആ ദിവ്യരൂപം യേശുക്രിസ്തു ആണെന്ന് ചാച്ചനു മനസ്സിലായി. അതോടെ ഉറക്കത്തില്‍ നിന്ന് ചാച്ചന് ഞെട്ടി ഉണര്‍ന്നു.
അഞ്ചു വര്‍ഷങ്ങള്‍ മുമ്പ് (2004ല്‍) ചാച്ചനും അമ്മയും വിശ്വാസസ്നാനം സ്വീകരിച്ച് യേശു ക്രിസ്തുവിനോട് ചേര്‍ന്നു.
വിഗ്രഹാരാധന പതിവായിരുന്ന ചാച്ചന്റെ വീട്ടില്‍നിന്ന് വിഗ്രഹങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമായപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പലവിധത്തില്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. എന്നാല്‍ ചാച്ചനും അമ്മയും അവര്‍ കണ്ടെത്തിയ പുതിയ വിശ്വാസത്തില്‍ ഇന്നും ഉറച്ചു നില്ക്കുന്നു.
എന്റെ അനുഭവസാക്ഷ്യം വായിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്. മുക്തിക്കുവേണ്ടി വേറെ ജന്മങ്ങള് പ്രതീക്ഷിച്ചിരിക്കരുത്. പുനര്‍ജ്ജന്മസിദ്ധാന്തം വെറും കെട്ടുകഥയാണ്. യേശുക്രിസ്തുവിന്റെ സുവിശേഷം പരിശോധിക്കുക. മുക്തിക്കുവേണ്ടി ഒരു പൈസപോലും ചെലവാക്കരുത്. നിങ്ങള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടാ. ദൈവം ക്രൂശില്‍ ചെയ്തത് നിങ്ങള്‍ ഏറ്റെടുത്താല്‍ മതി. പാപമില്ലാത്ത കുഞ്ഞാടായ യേശുക്രിസ്തുവിനു മാത്രമേ രക്ഷയ്ക്കുവേണ്ടിയുള്ള വലിയവില കൊടുക്കാന്‍ പറ്റൂ. അതു കൊടുത്തു കഴിഞ്ഞു. നിങ്ങള്‍ തുറന്ന ഹൃദയത്തോടെ ക്രിസ്തു നല്കുന്ന രക്ഷാദാനം സ്വീകരിച്ചാല്‍ മതി.
[ശ്രീ ബാലകൃഷ്ണനും ഏഴംകുളം സാംകുട്ടിയും തമ്മില്‍ 2009 ഓഗസ്റ്റ് 5,10, 30 എന്നീ ദിവസങ്ങില്‍ നടന്ന ടെലഫോണ്‍ സംഭാഷണം സംഗ്രഹിച്ചതാണ് ഈ അനുഭവസാക്ഷ്യം. ശ്രീ ബാലകൃഷ്ണനെ ഡോ. സാംകുട്ടിയ്ക്ക് പരിചയപ്പെടുത്തിയത് പാസ്റ്റര്‍ കെ. കെ. ദാസ്, പാസ്റ്റര്‍ കെ. എന്‍. മോഹന്‍ എന്നിവരാണ്.]